മുക്കം: ഭക്തി നടിച്ച് മസ്ജിദുകളിലെത്തി ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച് മുങ്ങുന്ന യുവാവ് ഒടുവി പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ നിരവധി മസ്ജിദുകളിലെ ബാറ്ററികൾ മോഷണം നടത്തിയ യുവാവാണ് ഒടുവിൽ മുക്കം പൊലിസിന്റെ വലയിലായത്. മുക്കം തോട്ടത്തിൻ കടവ് സ്വദേശി അബ്ദുൽ ജലീലാണ് പിടിയിലായത്.
വ്യാജ നമ്പർ പതിപ്പിച്ച ബൈക്കിൽ എത്തിയായിരുന്നു മോഷണം. ആളൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് മസ്ജിദുകളിൽ കയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസമായി ഇയാൾ ഈ രീതിയിൽ മോഷണം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടുകൂടി മലയമ്മ ടൗൺ ജുമാ മസ്ജിദിൽ നിന്ന് ഇയാൾ ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചിരുന്നു. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിന്റെ താവളം പെരിങ്ങൊളത്തെ ഒരു റൂം ആണെന്ന് തിരിച്ചറിയുകയും വിവരം ഉടൻതന്നെ മുക്കം പൊലിസിനെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസെത്തി റൂം തുറന്ന് പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ വച്ച് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ രണ്ട് ജില്ലകളിലെയും നിരവധി പള്ളികളിൽ നിന്ന് മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു.സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, നഹാസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.